ഇത് നിർമ്മാണത്തിലുള്ള വെബ്സൈറ്റ് ആണ്. ഇതിലെ ഉള്ളടക്കം അപൂർണമാണ്.
ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

 

സാമൂഹ്യസാംസ്കാരികചരിത്രം

ചരിത്രരേഖകളുടെ അഭാവം കാരണം ഈ പ്രദേശത്തിന്റെ പൌരാണികചരിത്രം വ്യക്തമല്ല. എന്നാല്‍ ഈ പ്രദേശത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും കണ്ടെടുക്കപ്പെട്ട നന്നങ്ങാടികള്‍, വടുകനാം കുറിശ്ശി ക്ഷേത്രത്തില്‍ കാണുന്ന വട്ടെഴുത്ത് തുടങ്ങിയവ ശ്രീകൃഷ്ണപുരം ഗ്രാമത്തിന്റെ പഴയകാലചരിത്രത്തിലേക്ക് വെളിച്ചം വീശുന്ന രേഖകളാണ്. രാജവാഴ്ചക്കാലത്ത് ഈ പ്രദേശം സാമൂതിരിയുടെ ഭരണത്തിന്‍കീഴിലായിരുന്നു. ശ്രീകൃഷ്ണക്ഷേത്രം സ്ഥിതിചെയ്യുന്ന സ്ഥലം എന്ന നിലയിലാണ് ഈ പ്രദേശത്തിന് ശ്രീകൃഷ്ണപുരം എന്ന പേര് ഉണ്ടായത്. ശ്രീകൃഷ്ണപുരം പ്രസിദ്ധമായ 14 ദേശത്തില്‍ പെട്ടതാണ്. ക്ഷേത്രങ്ങളേയും മനകളേയും അടിസ്ഥാനപ്പെടുത്തിയായിരുന്നു ദേശങ്ങള്‍ വിഭജിക്കപ്പെട്ടിരുന്നത്. വള്ളുവകോനാതിരിയായിരുന്നു ഇവിടെ ഭരണം നടത്തിയിരുന്നത്. പിന്നീട് വള്ളുവകോനാതിരിയെ പരാജയപ്പെടുത്തി സാമൂതിരിയുടെ സാമന്തന്‍ ഭരണം സ്ഥാപിച്ചു. പതിനാല് ദേശമെന്നറിയപ്പെട്ടിരുന്ന ഈ പ്രദേശത്തെ മുഴുവന്‍ ഭൂമിയുടെയും ഉടമസ്ഥാവകാശം ബ്രാഹ്മണര്‍ക്കോ ക്ഷേത്രങ്ങള്‍ക്കോ ആയിരുന്നു. ജാതി അടിസ്ഥാനത്തിലായിരുന്നു തൊഴിലുകള്‍ വിഭജിക്കപ്പെട്ടിരുന്നത്. ജാതിവ്യവസ്ഥ ലംഘിക്കുന്നവര്‍ക്ക് ഭ്രഷ്ട് കല്പിച്ച് സമൂഹത്തില്‍നിന്ന് ഒറ്റപ്പെടുത്തിയിരുന്നു. നമ്പൂതിരി സമുദായത്തില്‍ ബഹുഭാര്യാത്വം നിലവിലുണ്ടായിരുന്നു. കാരണവരായ മൂസ്സ് മാത്രമേ വേളി കഴിച്ചിരുന്നുള്ളു. മറ്റുള്ളവര്‍ക്ക് സംബന്ധമുറയായിരുന്നു. നെല്‍കൃഷി നടത്തിയിരുന്നത് പാട്ടക്കുടിയാന്‍മാര്‍ ആയിരുന്നു. നാടുവാഴികളെന്ന് പറയാവുന്ന ഒന്ന് രണ്ട് നായര്‍ കുടുംബങ്ങള്‍ ഇതിനൊരപവാദമായിരുന്നു. ഇവിടുത്തെ പ്രധാന തൊഴിലും ഉപജീവനമാര്‍ഗ്ഗവും കൃഷിയായിരുന്നു. ഭൂവുടമ-കുടിയാന്‍-അടിയാന്‍ എന്ന രീതിയിലായിരുന്നു ഇവിടുത്തെ സാമൂഹ്യബന്ധം. ജന്മി കുടിയാനു പാട്ടത്തിന് കൊടുക്കുകയും കുടിയാന്‍ അടിയാളന്മാരെ ഉപയോഗിച്ച് വിളവിറക്കുകയും ചെയ്തിരുന്നു. രാജഭരണത്തിന്റെയും ബ്രട്ടീഷ് ആധിപത്യത്തിന്റെയും ഫ്യുഡല്‍സര്‍വ്വാധിപത്യത്തിന്റെയും പീഡനങ്ങള്‍ ആവോളം അിറഞ്ഞവരാണു ഇവിടെയുള്ള അടിസ്ഥാനവര്‍ഗ്ഗം. ഇവിടെ ഉച്ചനീചത്വവും ബ്രാഹ്മണമേധാവിത്വവും നിലനിന്നിരുന്നു. ഭൂസ്വത്ത് മുഴുവനും ബ്രാഹ്മണരുടെയും ദേവസ്വങ്ങളുടെയും അധീനതയിലായിരുന്നു. സാമൂഹ്യജീവിതത്തിന്റെ കേന്ദ്രം ക്ഷേത്രങ്ങളായിരുന്നു. ജന്മം, കാണം, വെറും പാട്ടം എന്നീ മൂന്ന് തട്ടിലായിരുന്നു ഭൂമിയുടെ ഉടമസ്ഥത നിലനിന്നിരുന്നത്. ആ കാലങ്ങളില്‍ കുടിയാന്മാരുടെയും കര്‍ഷകത്തൊഴിലാളികളുടെയും ജീവിതം വിഷമസ്ഥിതിയിലായിരുന്നു. കൊടുക്കുന്ന പാട്ടത്തിന് പലപ്പോഴും രേഖ കൊടുത്തിരുന്നില്ല. പാട്ടബാക്കിയുടെ പേരില്‍ ഒഴിപ്പിക്കലും നടന്നിരുന്നു. ഭൂപരിഷ്കരണമാണ് ഈ ദു:സ്ഥിതിക്ക് അറുതി വരുത്തിയത്. വള്ളുവനാടന്‍ സംസ്ക്കാരത്തിന്റെ കേന്ദ്രമായി ശ്രീകൃഷ്ണപുരം അറിയപ്പെടുന്നു. മനോഹരമായ മലയാണ്‍മയുടെ ഉടമകളാണിവര്‍. അനുഷ്ഠാനകലകളായ തോറ്റം പാട്ടുകള്‍, സര്‍പ്പം പാട്ടുകള്‍, സംഘംകളിപ്പാട്ടുകള്‍, അയ്യപ്പന്‍പാട്ട്, ബ്രാഹ്മണിപ്പാട്ടുകള്‍ തുടങ്ങിയവ ഇവിടെ പ്രചാരത്തിലുണ്ടായിരുന്നു. കളമെഴുത്ത് നടത്തി നാഗപ്പാട്ട് പാടാന്‍ വിദഗ്ദ്ധനായിരുന്നു മുറിച്ചിറ രാമന്‍. ക്ഷേത്രങ്ങള്‍ ഒരു കാലത്ത് സാംസ്കാരിക കേന്ദ്രങ്ങളായിരുന്നു. ക്ഷേത്രങ്ങളില്‍ നടന്നിരുന്ന വാരം വേദവിദ്യാപ്രകടനത്തിനുള്ള വേദിയായിരുന്നു. ഉത്സവങ്ങളോടനുബന്ധിച്ച് കളമെഴുത്ത്, പാന, കൂത്ത്, കൂടിയാട്ടം, കഥകളി എന്നീ കലകള്‍ അരങ്ങേറിയിരുന്നു. കേരളത്തിലെ പുകള്‍പെറ്റ പരിയാനമ്പറ്റ ക്ഷേത്രം ഈ പ്രദേശത്താണ്. 14 ദേശങ്ങള്‍ തട്ടകമായി കാണുന്ന ഈ ക്ഷേത്രത്തില്‍ നാനാദേശത്തുനിന്നും പതിനായിരക്കണക്കിന് ഭക്തജനങ്ങള്‍ എത്തുന്നു. ഈശ്വരമംഗലം ഗണപതിക്ഷേത്രം ഈ പഞ്ചായത്തിലാണ്. കേരളത്തിന്റെ തനതുകലയായ കഥകളി തുടര്‍ച്ചയായി 7 ദിവസവും നടത്തിവന്നിരുന്ന പച്ചായില്‍ ശിവക്ഷേത്രം ഈ പ്രദേശത്താണ്. ശ്രീകൃഷ്ണപുരത്ത് അമച്വര്‍-പ്രൊഫഷണല്‍ നാടകവേദികളുടെ പ്രവര്‍ത്തനം സജീവമായി നടന്നുവന്നിരുന്നു. ശ്രീകൃഷ്ണപുരം പൊതുജനവായനശാല സാംസ്കാരിക കേന്ദ്രമായിത്തീര്‍ന്നു. മംഗലാംകുന്ന്, കുളക്കാട്ടുകുറുശ്ശി, വലമ്പിലിമംഗലം, മണ്ണമ്പറ്റ തുടങ്ങിയ സ്ഥലങ്ങളിലെ വായനശാലകളും സാംസ്കാരിക പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തുനടത്തിയിരുന്നു. ശ്രീകൃഷ്ണപുരം വായനശാലയുടെ നേതൃത്വത്തില്‍ നിരവധി കവിസമ്മേളനങ്ങളും സെമിനാറുകളും നടന്നിട്ടുണ്ട്. വള്ളത്തോള്‍, മുണ്ടശ്ശേരി തുടങ്ങിയ സാഹിത്യനായകന്‍മാര്‍ ഈ വായനശാല സന്ദര്‍ശിച്ചിട്ടുണ്ട്. കിഴക്കേപ്പാട്ട്, മാമ്പള്ളിക്കളം എന്നീ നായര്‍കുടുംബങ്ങളിലുള്ളവര്‍ക്ക് ആദ്യം മുതലേ പാശ്ചാത്യവിദ്യാഭ്യാസം ലഭിച്ചിരുന്നു. യോഗക്ഷേമസഭയൊഴികെ മറ്റ് സമുദായസംഘടനകളൊന്നും ഇവിടെ ഉണ്ടായിരുന്നില്ല. നമ്പൂതിരി സമുദായത്തിലുണ്ടായ നവോത്ഥാന പ്രസ്ഥാനം യോഗക്ഷേമസഭയുടെ നേതൃത്വത്തില്‍ ശക്തമായിരുന്നു. ഘോഷാ ബഹിഷ്കരണം, അപ്ഫന്‍മാരുടെ വേളി തുടങ്ങിയ പരിഷ്കരണപ്രവര്‍ത്തനങ്ങള്‍ക്ക് ഇവര്‍ പിന്തുണ നല്‍കിയിരുന്നു. തല്‍ഫലമായി പല സ്കൂളുകളും ആരംഭിച്ചു. ഇത് സാമൂഹ്യ നവീകരണത്തിന് തുടക്കം കുറിച്ചു. 1934 ജനുവരി 8ന് മഹാത്മാഗാന്ധിയുടെ പാദസ്പര്‍ശമേല്‍ക്കാനുള്ള പരമഭാഗ്യം ഈ പഞ്ചായത്തിനുണ്ടായിട്ടുണ്ട്. ഗാന്ധിജിയുടെ ഹിന്ദി പ്രചാരണപ്രവര്‍ത്തനത്തിന്റെ ഭാഗമായി 1949-ന് ദക്ഷിണഭാരതഹിന്ദി പ്രചാരസഭയുടെ ഒരു ശാഖ ചന്തപ്പുരയിലെ എം.ആര്‍.കെ ബില്‍ഡിംഗില്‍ സ്ഥാപിച്ചിരുന്നു. രാജ്യമൊട്ടുക്കും ആഞ്ഞടിച്ച സ്വാതന്ത്യ്രസമര കൊടുങ്കാറ്റ് ഈ ഗ്രാമത്തെയും കര്‍മ്മോന്മുഖമാക്കി. ദേശീയപ്രസ്ഥാനത്തിന്റെ അലകള്‍ ശ്രീകൃഷ്ണപുരത്തും എത്തിയിരുന്നു. കാട്ടുകുളത്ത് ഈശ്വരവാര്യരുടെ വീട്ടില്‍ സ്ഥാപിതമായ ശിവമഠം നിരവധി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. അയിത്തോച്ചാടന, മദ്യവര്‍ജ്ജനസമരങ്ങള്‍ സജീവമായി നടന്നുവന്നു. 1931-ല്‍ ഹരിജന്‍ പ്രസിദ്ധീകരണത്തിന്റെ ധനശേഖരണാര്‍ത്ഥം ഗാന്ധിജി ശ്രീകൃഷ്ണപുരം സന്ദര്‍ശിക്കുകയുണ്ടായി. സമീപപ്രദേശങ്ങള്‍ മലബാര്‍ ലഹളയുടെ പിടിയിലമര്‍ന്നപ്പോഴും ശ്രീകൃഷ്ണപുരം അതില്‍ നിന്നും മുക്തമായിരുന്നു. ഗാന്ധിജിയുടെ ആഹ്വാനങ്ങളില്‍ ആകൃഷ്ടരായ ഇന്നാട്ടുകാര്‍ അദ്ദേഹത്തിന്റെ വിദേശവിരുദ്ധപ്രവര്‍ത്തനങ്ങളില്‍ സഹകരിച്ചിരുന്നു. 1939 മുതല്‍  കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് ചിന്താഗതി വ്യാപകമായി. ഈ നൂതന ചിന്താഗതി ഈ പ്രദേശത്തിന്റെ നവോത്ഥാനത്തിനിടയാക്കുകയും ചെയ്തു. ബഹുജന പങ്കാളിത്തത്തോടെയുള്ള സമരങ്ങള്‍ നടന്നത് അതിന് ശേഷമാണ്. പാട്ടഭൂമി ഒഴിപ്പിക്കലിനെതിരായും, നെല്ല് കരിഞ്ചന്തയില്‍ വില്‍ക്കുന്നവര്‍ക്കെതിരായും, ചോളം വാങ്ങുന്നവര്‍ക്ക് മാത്രമേ അരി നല്‍കൂവെന്ന നിബന്ധനക്കെതിരായും ജനങ്ങളെ അണിനിരത്താന്‍ ഈ പ്രസ്ഥാനത്തിന് കഴിഞ്ഞു. എന്നാല്‍ കൃഷി ഒഴിപ്പിക്കലിനെതിരെയുള്ള സമരത്തില്‍ കര്‍ഷകരെ സംഘടിതരായി അണിനിരത്താന്‍  പ്രസ്ഥാനത്തിന് കഴിഞ്ഞില്ല. ഈ സമരങ്ങള്‍ ഒറ്റപ്പെട്ടവയായി മാറി. പൊതുയോഗങ്ങളില്‍ പങ്കാളിത്തം ഉണ്ടായിരുന്നങ്കിലും ജന്‍മിമാര്‍ക്ക് എതിരായുള്ള സംഘട്ടനത്തിന് കുടിയാന്‍മാര്‍ തയ്യാറായിരുന്നില്ല. 1937-ലെ വോട്ടെടുപ്പില്‍ വിദ്യാഭ്യാസമുള്ളവര്‍ക്കും നികുതിദായകര്‍ക്കും മാത്രമായിരുന്നു വോട്ടവകാശം. 1946-ല്‍ മലപ്പുറം നിയോജകമണ്ഡലത്തിലായിരുന്നു ശ്രീകൃഷ്ണപുരം ഉള്‍പ്പെട്ടിരുന്നത്. സ്വതന്ത്യ്ര ദിനാഘോഷപരിപാടികള്‍ ഫര്‍ക്കാടിസ്ഥാനത്തില്‍ തിരുവാഴിയോട് വെച്ചായിരുന്നു നടന്നത്. കമ്മ്യുണിസ്റ്റുകാരെ ഈ യോഗത്തില്‍ നിന്ന് ഒഴിവാക്കിയിരുന്നു. 1948-ല്‍ കമ്മ്യുണിസ്റ്റ് പാര്‍ട്ടിയെ നിരോധിച്ചപ്പോള്‍ പി.കൃഷ്ണപിള്ള ഉള്‍പ്പെടെ നിരവധി നേതാക്കള്‍ ഇവിടെ ഒളിവില്‍ പാര്‍ത്തിരുന്നു. കര്‍ഷകപ്രസ്ഥാനവും, അദ്ധ്യാപക പ്രസ്ഥാനവും സമാന്തരധാരകളായി വളര്‍ന്നുവന്നിരുന്നു. വേലകള്‍, പൂരങ്ങള്‍ എന്നിവ നടക്കുന്ന സമയങ്ങളില്‍ ക്ഷേത്രപരിസരത്ത് രാഷ്ട്രീയ പ്രചാരണ യോഗങ്ങള്‍ നടന്നിരുന്നു. കേന്ദ്ര സര്‍ക്കാര്‍ ആദരിച്ച സംസ്കൃത പണ്ഡിതനായിരുന്നു മൂര്‍ത്തിയേടത്ത് മനക്കല്‍ ശങ്കരന്‍ നമ്പൂതിരി. അന്തരിച്ച വി. എന്‍ കൃഷ്ണന്‍ നമ്പൂതിരി പ്രസിദ്ധ നര്‍ത്തകനും ബംഗാളിലെ ശാന്തിനികേതനത്തിലെ അദ്ധ്യാപകനുമായിരുന്നു. വിദേശങ്ങളിലും അദ്ദേഹം പരിപാടി അവതരിപ്പിച്ചിരുന്നു. അന്തരിച്ച തിരൂര്‍ നമ്പീശന്‍ കഥകളി സംഗീതത്തില്‍ പ്രഗത്ഭനായിരുന്നു. മാടമ്പി സുബ്രഹ്മണ്യന്‍ നമ്പൂതിരി, വി. എന്‍. നാരായണന്‍ നമ്പൂതിരി എന്നിവര്‍ ഈ രംഗത്ത് പ്രസിദ്ധരാണ്. കര്‍ണ്ണാടകസംഗീതത്തില്‍ പ്രാഗത്ഭ്യം തെളിയിച്ച സംഗീതജ്ഞനാണ് മാടമ്പി വാസുദേവന്‍. സംസ്ഥാന രൂപീകരണത്തെത്തുടര്‍ന്ന് ഗവര്‍ണ്ണറുടെ ഉപദേശകനായ രാവുണ്ണി മേനോന്‍, സബ് ജഡ്ജി കൃഷ്ണമേനോന്‍, പ്രശസ്ത ശാസ്ത്രജ്ഞനായ ഡോ.എം.ജി.കെ മേനോന്‍ എന്നിവര്‍ ഈ നാട്ടുകാരായിരുന്നു.