ഇത് നിർമ്മാണത്തിലുള്ള വെബ്സൈറ്റ് ആണ്. ഇതിലെ ഉള്ളടക്കം അപൂർണമാണ്.
ഭൂമിശാസ്ത്രം

1962 ജനുവരി ഒന്നിനാണ് ശ്രീകൃഷ്ണപുരം പഞ്ചായത്ത് ഔദ്യോഗികമായി നിലവില്‍ വന്നത്. വടക്ക് കരിമ്പുഴപ്പുഴയും, തെക്ക് പൂക്കോട്ടുകാവ് പഞ്ചായത്തും, കിഴക്ക് കടമ്പഴിപുറം പഞ്ചായത്തും, പടിഞ്ഞാറ് വെള്ളിനേഴി പഞ്ചായത്തും അതിരുകളായി, 29.6 ച.കി.മീറ്റര്‍ വിസ്തൃതിയില്‍ വ്യത്യസ്ത പ്രകൃതിജാലങ്ങളുമേന്തി പരിലസിക്കുന്ന ഭൂവിഭാഗമാണ് ശ്രീകൃഷ്ണപുരം ഗ്രാമപഞ്ചായത്ത്. 18610 വരുന്ന ജനസംഖ്യയില്‍ 9674 പേര്‍ സ്ത്രീകളും 8936 പേര്‍ പുരുഷന്‍മാരുമാണ്. മൊത്തം ജനതയുടെ സാക്ഷരത 74.09% ആണ്. ഭൂപകൃതിയനുസരിച്ച് ഇടനാട് മേഖലയില്‍ വരുന്ന പ്രദേശമായ ശ്രീകൃഷ്ണപുരം പഞ്ചായത്തിനെ ചെറുകുന്നുകള്‍, സമതലങ്ങള്‍, ചെരിവുകള്‍ എന്നിങ്ങനെ തിരിക്കാം. പൂര്‍ണ്ണമായും ഒരു കാര്‍ഷിക ഗ്രാമമാണ് ശ്രീകൃഷ്ണപുരം. നെല്ല്, റബ്ബര്‍ എന്നിവയാണ് പ്രധാന കൃഷി. വാഴ, തെങ്ങ്, കവുങ്ങ് എന്നിവയും പഞ്ചായത്തില്‍ കൃഷി ചെയ്യുന്നുണ്ട്. തോടുകള്‍, കുളങ്ങള്‍, കിണറുകള്‍, പുഴ എന്നിവയാണ് പഞ്ചായത്തിലെ പ്രധാന ജലസ്രോതസ്സുകള്‍. ഈ പഞ്ചായത്തിന്റെ വടക്കേ അതിര്‍ത്തിയായ കരിമ്പുഴ പുഴയില്‍ എല്ലാ കാലത്തും ജലം ലഭ്യമാണ്. 13 കുളങ്ങളും പഞ്ചായത്തില്‍ ഉണ്ട്. ശ്രീകൃഷ്ണപുരം കനാലും ജലസേചനത്തിനായി ഉപയോഗിക്കുന്നു. ശ്രീകൃഷ്ണപുരം പഞ്ചായത്തിലെ ഭൂരിപക്ഷം ജനങ്ങളും കുടിവെള്ളത്തിനായി കിണറുകളെയാണ് ആശ്രയിക്കുന്നത്. 27 പൊതുകിണറുകള്‍ പഞ്ചായത്തിലുണ്ട്. 45 പൊതുകുടിവെള്ളടാപ്പുകളും ജനങ്ങള്‍ ശുദ്ധജലത്തിനായി ഉപയോഗിക്കുന്നു. മരുങ്ങോടന്‍മല, ചാത്തന്‍കുന്ന്, ചിന്‍മയകുന്ന്, നിലവിളിക്കുന്ന്, പാറക്കുന്ന്, പന്തലങ്ങാടന്‍ മല, പെരുമ്പോത്ത് മല എന്നിവയാണ് പ്രധാന കുന്നിന്‍ പ്രദേശങ്ങള്‍. ഈ പഞ്ചായത്തിന്റെ 75% ഭാഗവും ചുവന്ന മണ്ണും 25% ചെങ്കല്‍ പ്രദേശവുമാണ്. 18 തെരുവുവിളക്കുകള്‍ പഞ്ചായത്ത് വീഥികളില്‍ സ്ഥാപിച്ചിട്ടുള്ളത് രാത്രികാല യാത്ര സുഗമമാക്കുന്നു. വ്യോമഗതാഗതത്തിനായി പഞ്ചായത്ത് നിവാസികള്‍ ആശ്രയിക്കുന്ന ഏറ്റവും അടുത്ത വിമാനത്താവളം കരിപ്പൂര്‍ വിമാനത്താവളമാണ്. ഒറ്റപ്പാലം റെയില്‍വേ സ്റ്റേഷനാണ് പഞ്ചായത്തിനോട് ഏറ്റവും അടുത്ത് സ്ഥിതി ചെയ്യുന്ന റെയില്‍വേ സ്റ്റേഷന്‍ . കോഴിക്കോട് കാപ്പാട് ഉള്‍നാടന്‍ തുറമുഖമാണ് പഞ്ചായത്തിനോട് ഏറ്റവും അടുത്തുള്ളത്. വന്‍കിട തുറമുഖമെന്ന നിലയില്‍ കൊച്ചിതുറമുഖമാണ് ശ്രീകൃഷ്ണപുരം പഞ്ചായത്തിനോട് അടുത്ത് സ്ഥിതി ചെയ്യുന്നത്. ശ്രീകൃഷ്ണപുരം ബസ് സ്റ്റാന്റ് ആണ് പഞ്ചായത്തിനുളളിലെ ബസ് ഗതാഗതത്തിന്റെ കേന്ദ്രം. പഞ്ചായത്തിന് അടുത്തുള്ള മണ്ണാര്‍ക്കാട് ബബസ് സ്റ്റാന്റും, ചെര്‍പ്പുളശ്ശേരി ബസ് സ്റ്റാന്റും ജനങ്ങള്‍ ഉപയോഗിപ്പെടുത്തുന്നുണ്ട്. പഞ്ചായത്തിന്റെ അടിസ്ഥാനപരമായ വികാസത്തില്‍ റോഡുകള്‍ പ്രധാന പങ്കുവഹിക്കുന്നു. ശ്രീകൃഷ്ണപുരം പഞ്ചായത്ത് രൂപീകരണത്തിനുമുന്‍പു തന്നെ ഇപ്പോള്‍ പൊതുമരാമത്തിനു കീഴിലുള്ള പെരുമാങ്ങോട്-ഷെഡുകുന്ന് റോഡും കാഞ്ഞിരംപാറ ശ്രീകൃഷ്ണപുരം റോഡും, ഇപ്പോഴും പഞ്ചായത്ത് അധീനതയിലുള്ള മണ്ണമ്പറ്റ കടമ്പഴിപ്പുറം റോഡും നിലവിലുണ്ടായിരുന്നു. 1964-ല്‍ കരിമ്പുഴപാലം വന്നതോടെ മണ്ണാര്‍ക്കാട് ഒറ്റപ്പാലം റോഡില്‍ വാഹനഗതാഗതം വര്‍ദ്ധിക്കുകയും പഞ്ചായത്തിന്റെ വികസനത്തിന് വഴിയൊരുക്കുകയും ചെയ്തു. തിരുവാഴിയോട് റോഡ്, നിലവിളിക്കുന്ന് റോഡ്, പുഞ്ചപ്പാടം റോഡ്, കരിമ്പുഴ റോഡ് എന്നീ റോഡുകളും പഞ്ചായത്തിലൂടെ കടന്നു പോകുന്നു. പഞ്ചായത്തിലെ ജനങ്ങളില്‍ ഭൂരിഭാഗവും നിര്‍മ്മാണ മേഖലയിലും കാര്‍ഷിക മേഖലയിലും ജോലി ചെയ്യുന്നവരാണ്. എങ്കിലും ചെറുകിട ഇടത്തരം വ്യവസായ സംരംഭങ്ങള്‍ പഞ്ചായത്തില്‍ ചിലയിടത്ത് ഉണ്ട്. സോഡ ഫാക്ടറി, തടി വ്യവസായം, തീപ്പെട്ടി വ്യവസായം, റബ്ബര്‍ ത്രെഡ് ഫാക്ടറി, ഹോട്ടല്‍ എന്നിവയാണ് ചെറുകിട-ഇടത്തരം വ്യവസായങ്ങളായി പഞ്ചായത്തില്‍ ഉള്ളത്. പരമ്പരാഗത മേഖലയില്‍ ജോലി ചെയ്യുന്ന നാമമാത്രമായ ആള്‍ക്കാര്‍ ഇന്നും ശ്രീകൃഷ്ണപുരത്തുണ്ട്. പഞ്ചായത്തിനുള്ളില്‍ ഒരു പെട്രോള്‍ബങ്കും രണ്ട് ഗ്യാസ് ഏജന്‍സികളും പ്രവര്‍ത്തിച്ചു വരുന്നു. പഞ്ചായത്തിന്റെ പൊതുവിതരണ മേഖലയില്‍ 9 റേഷന്‍കടകള്‍ പ്രവര്‍ത്തിക്കുന്നു. ഓരോ മാവേലി സ്റ്റോറും, നീതി സ്റ്റോറും പഞ്ചായത്തിലെ പൊതുവിതരണ രംഗത്തെ മറ്റു സംവിധാനങ്ങളാണ്. ഒരു കാലത്ത് ഈ ഗ്രാമത്തിലെ പ്രധാന ഉത്പന്ന വിപണന കേന്ദ്രമായിരുന്നു പെരുമാങ്ങോട് ചന്ത. ഇന്ന് ആ സ്ഥാനത്ത് സ്വകാര്യരംഗത്തെ പ്രാദേശിക കച്ചവടസ്ഥാപനങ്ങള്‍ ഏറി വന്നിരിക്കുന്നു. 3 ഷോപ്പിങ്ങ് കോംപ്ളക്സുകള്‍ പഞ്ചായത്തിലെ വ്യാപാരരംഗത്ത് പ്രവര്‍ത്തിക്കുന്നു. ശ്രീകൃഷ്ണപുരം മാര്‍ക്കറ്റും ചന്തപ്പുര മാര്‍ക്കറ്റുമാണ് പഞ്ചായത്തിലെ ജനങ്ങള്‍ ഉപയോഗിക്കുന്നത്. വള്ളുവനാടന്‍ സംസ്കാരത്തിന്റെ കേന്ദ്രമായി അറിയപ്പെട്ടിരുന്ന പ്രദേശമാണ് ശ്രീകൃഷ്ണപുരം. ഈ പഞ്ചായത്തിലെ ശ്രീകൃഷ്ണ ക്ഷേത്രത്തിന്റെ പേരിലാണ് ഈ പ്രദേശത്തിന് ശ്രീകൃഷ്ണപുരം എന്ന പേര്‍ ഉണ്ടായത് എന്ന് അനുമാനിക്കപ്പെടുന്നു. പണ്ട് ഹിന്ദുക്കള്‍ മാത്രം അധിവസിച്ചിരുന്ന പ്രദേശമായിരുന്ന ഇവിടെ ഇന്ന് ക്രിസ്ത്യാനികളും മുസ്ളീങ്ങളും ഉണ്ട്. വലമ്പിലിമംഗലം ക്ഷേത്രം, കുഴിയില്‍ ക്ഷേത്രം, പച്ചായില്‍ ശിവക്ഷേത്രം, പുന്നാംപറമ്പില്‍ ഭഗവതി ക്ഷേത്രം, തൃക്കഴിക്കുന്ന് ക്ഷേത്രം എന്നിവ പഞ്ചായത്തിലാണ് സ്ഥിതി ചെയ്യുന്നത്. ഷെഡുംകുന്ന് ജുമാ-അത്ത് പള്ളി, ചന്തപ്പള്ളി നിസ്കാരപ്പള്ളി എന്നിവയും, ശ്രീകൃഷ്ണപുരം സെന്റ് ജോസഫ് ചര്‍ച്ച്, ലുഥന്‍ മിഷന്‍ ചര്‍ച്ച് എന്നിവയും പ്രധാന ആരാധനാലയങ്ങളാണ്. പാച്ചായില്‍ ഉല്‍സവം, പുന്നാംപറമ്പില്‍ താലപ്പൊലി, പരിയാനംപറ്റ പൂരം, ഉത്രത്തില്‍ കാവില്‍ ഭരണി എന്നിവയും ഈ തട്ടകത്തില്‍പെട്ട ആഘോഷങ്ങളാണ്. ഔദ്യോഗിക രംഗത്ത് പ്രശസ്തനായ കിഴക്കേപ്പാട്ട് രാവുണ്ണി മേനോന്‍, ശാസ്ത്രസാങ്കേതിക രംഗത്തെ എം.ജി.കെ.മേനോന്‍ ഈ പഞ്ചായത്തുകാരാണ്. സംസ്കൃതപണ്ഡിതന്‍ മൂര്‍ത്തിയേടത്ത് മനക്കല്‍ ശങ്കരന്‍ നമ്പൂതിരി, ഇളയേടത്ത് മനക്കല്‍ ശങ്കരനാരായണന്‍ സോമയാജിപ്പാടും കേന്ദ്രസര്‍ക്കാരിന്റെ അംഗീകാരം നേടിയവരാണ്. ശ്രീകൃഷ്ണപുരം കൃഷ്ണന്‍കുട്ടി, ശ്രീകൃഷ്ണപുരം വേണുഗോപാല്‍, കെ.സി.നാരായണന്‍, എം.നന്ദകുമാര്‍ എന്നിവര്‍ ഈ പ്രദേശത്തുള്ള സാഹിത്യകാരന്‍മാരാണ്. അന്തരിച്ച പി.എന്‍.കൃഷ്ണന്‍ നമ്പൂതിരി പ്രസിദ്ധ നര്‍ത്തകനും ബംഗാളിലെ ശാന്തിനികേതനത്തിലെ അദ്ധ്യാപകനും ആയിരുന്നു. ഈ പഞ്ചായത്തിലെ ഏറ്റവും പഴക്കം ചെന്ന വായനശാല 1941-ല്‍ ആരംഭിച്ച ശ്രീകൃഷ്ണപുരം പൊതുജന വായനശാലയാണ്. ഈ പ്രദേശത്തെ എല്ലാ സാംസ്കാരിക പ്രവര്‍ത്തനങ്ങള്‍ക്കും കേന്ദ്രബിന്ദുവായി പ്രവര്‍ത്തിച്ചിരുന്നത് ഈ സ്ഥാപനമാണ്. 1957 മുതല്‍ ശ്രീകൃഷ്ണപുരത്ത് ഒരു ഗവ. റൂറല്‍ ഡിസ്പെന്‍സറി പ്രവര്‍ത്തിക്കുന്നു. 1996-ല്‍ ഇത് പ്രാഥമികാരോഗ്യകേന്ദ്രമായി. ഇതിന്റെ ഉപകേന്ദ്രം മണ്ണമ്പറ്റയില്‍ പ്രവര്‍ത്തിക്കുന്നു. മണ്ണമ്പറ്റയില്‍ ഒരു സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രി 1996-ല്‍ സ്ഥാപിതമായി. ഇതിനുപുറമെ ഷെഡുംകുന്നത്ത് ഒരു സ്വകാര്യ ആശുപത്രിയും പ്രവര്‍ത്തിക്കുന്നു. ഷെഡുംകുന്നിലെ ശ്രീകൃഷ്ണപുരം ഹോസ്പിറ്റലില്‍ നിന്നുള്ള ആംബുലന്‍സ് സേവനമാണ് പഞ്ചായത്തില്‍ ലഭിക്കുന്നത്. ശ്രീകൃഷ്ണപുരം പഞ്ചായത്തിലെ മൃഗസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള സ്ഥാപനം ഇവിടെയുള്ള മൃഗാശുപത്രിയാണ്. 1964 മാര്‍ച്ച് ഒന്നിനാണ് മൃഗാശുപത്രി പ്രവര്‍ത്തനമാരംഭിച്ചത്. മൃഗചികില്‍സ, കൃത്രിമ ബീജദാനം, രോഗപ്രതിരോധ കുത്തിവെയ്പ്പുകള്‍ തുടങ്ങിയ സൌകര്യങ്ങള്‍ മൃഗാശുപത്രിയിലുണ്ട്. 1890-ല്‍ മംഗലാംകുന്നില്‍ ആരംഭിച്ച പാഠശാലയാണ് പഞ്ചായത്തിലെ ആദ്യത്തെ ഔപചാരിക വിദ്യാഭ്യാസത്തിന്റെ കേന്ദ്രം. 1901-ല്‍ നെടിയേടത്ത്മന സുബ്രഹ്മണ്യന്‍ നമ്പൂതിരിപ്പാട് സ്ഥാപിച്ച പെരിമാങ്ങോട് എലിമെന്ററി സ്കൂള്‍ ആണ് ഇന്ന് എല്‍.പി.സ്കൂളായി പ്രവര്‍ത്തിക്കുന്നത്. സ്വാതന്ത്യലബ്ദിക്കു മുന്‍പു തന്നെ അഞ്ചാളം വിദ്യാലയങ്ങള്‍ ഈ പ്രദേശത്ത് ഉണ്ടായിരുന്നു. എ.എല്‍.പി.എസ്. വലമ്പിനിമംഗലം, എസ്.ആര്‍ ജയം എല്‍.പി.സ്കൂള്‍ ഈശ്വരമംഗലം, എ.യു.പി.എസ്, ശ്രീകൃഷ്ണപുരം, ശ്രീകൃഷ്ണപുരം എച്ച്.എസ്.എസ് എന്നിവ പഞ്ചായത്തിലെ പ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങളാണ്. 1982-ല്‍ ശ്രീശങ്കരാ ട്രസ്റിന്റെ ആഭിമുഖ്യത്തില്‍ ആരംഭിച്ച വി.ടി.ഭട്ടതിരിപ്പാട് കോളേജിലൂടെയാണ് പഞ്ചായത്തില്‍ ഉന്നതവിദ്യാഭ്യാസത്തിന് തുടക്കമായത്. സാമൂഹ്യ സേവനരംഗത്ത് ശ്രീകൃഷ്ണപുരത്തും മണ്ണമ്പറ്റയിലും ഓരോ വൃദ്ധസദനങ്ങള്‍ പ്രവര്‍ത്തിക്കുന്നു. ബാങ്കിങ്ങ് രംഗത്തെ പ്രമുഖ സ്ഥാപനങ്ങളായ എസ്.ബി.ടി.യുടെയും കാനറാ ബാങ്കിന്റെയും ശാഖകള്‍ പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്നു. പാലക്കാട് ജില്ലാ സഹകരണ ബാങ്ക്, കടമ്പഴിപ്പുറം സര്‍വ്വീസ് സഹകരണബാങ്ക്, ശ്രീകൃഷ്ണപുരം സര്‍വ്വീസ് ബാങ്ക് എന്നിവ സഹകരണമേഖലയിലെ പ്രധാന സ്ഥാപനങ്ങളാണ്. ശ്രീകൃഷ്ണപുരം പൊതുജനവായനശാലയെ കൂടാതെ മണ്ണമ്പറ്റ ഭാരതീയ വായനശാല പഞ്ചായത്തിലെ സാംസ്കാരിക പ്രവര്‍ത്തനങ്ങളുടെ കേന്ദ്രമാണ്. രാഗം സ്പോര്‍ട്സ് ആന്‍ഡ് ആര്‍ട്സ് ക്ളബ്ബും കലാകായികരംഗത്ത് പോല്‍സാഹനമായി നിലകൊള്ളുന്ന സംഘടനയാണ്. ശ്രീകൃഷ്ണപുരം പഞ്ചായത്തില്‍ മണ്ണമ്പറ്റയില്‍ ഒരു കല്യാണമണ്ഡപം പ്രവര്‍ത്തിക്കുന്നു. ശ്രീകൃഷ്ണപുരത്ത് വൈദ്യുത ബോര്‍ഡിന്റെ ഓഫീസ് പ്രവര്‍ത്തിക്കുന്നു. തപാല്‍ ഓഫീസും ബി.എസ്.എന്‍.എല്‍ ഓഫീസുമാണ് പഞ്ചായത്തിലെ പ്രധാന കേന്ദ്രസര്‍ക്കാര്‍ ഓഫീസുകള്‍. വില്ലേജ് ഓഫീസ് അടക്കം ആറോളം സര്‍ക്കാര്‍ ഓഫീസുകള്‍ പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. വില്ലേജ് ഓഫീസ് പ്രവര്‍ത്തിക്കുന്നത് ശ്രീകൃഷ്ണപുരത്താണ്. ചന്തപ്പുരയില്‍ ഉള്ള കൃഷിഭവനാണ് കാര്‍ഷികരംഗത്തെ സേവനങ്ങള്‍ക്കായി പഞ്ചായത്തില്‍ നിലകൊളളുന്നത്. ശ്രീകൃഷ്ണപുരത്ത് ഒരു മല്‍സ്യ ഭവനും സ്ഥിതി ചെയ്യുന്നു. തിരുവാഴിക്കോട് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ വരുന്ന പ്രദേശമാണ് ശ്രീകൃഷ്ണപുരം ഗ്രാമപഞ്ചായത്ത്. പഞ്ചായത്തില്‍ 1898-ലാണ് ആദ്യത്തെ പോസ്റ്റാഫീസ് സ്ഥാപിച്ചത്. ഇന്ന് രണ്ട് തപാല്‍ ഓഫീസുകളും 3 കൊറിയര്‍ സ്ഥാപനങ്ങളും പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്നു. ഷെഡുംകുന്നിലാണ് ടെലിഫോണ്‍ എക്സ്ചേഞ്ച് പ്രവര്‍ത്തിക്കുന്നത്.